ഭരണകൂടത്തിന്റെ ദാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ വിട്ടു വീഴ്ചയില്ലാതെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ രാജ്യത്ത് രചിച്ചിരിക്കുന്നത് പുതിയ ചരിത്രം. കൊടും തണുപ്പിനെയും ഭരണകൂട ഭീകരതയെയും അതിജീവിച്ചവര്‍ ഇനി നേരിടേണ്ടത് കൊലയാളി വൈറസുകളെയാണ്. അതിനാകട്ടെ അവര്‍ തയ്യാറുമാണ്. വകഭേദം മാറുന്ന കോവിഡ് വൈറസിനെക്കാള്‍ അപകടകാരികളായ വൈറസുകളായി കര്‍ഷക പ്രക്ഷോഭകര്‍ കാണുന്നത് കേന്ദ്ര ഭരണകൂടത്തെയാണ്. കര്‍ഷക വിരുദ്ധ നയത്തേക്കാള്‍ അപകടകരമായി മറ്റൊന്നും തന്നെ ഇല്ലന്നു കരുതുന്ന കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ച് പിരിഞ്ഞു പോകില്ലെന്ന വാശിയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. ഇത് അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ്.
ഇതിനകം തന്നെ കര്‍ഷക സമരമുഖത്ത് മരണപ്പെട്ടിരിക്കുന്നത് 375 കര്‍ഷകരാണ്. ഞെട്ടിക്കുന്ന കണക്കുകളാണിത്. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ അധികം താമസിയാതെ പിരിഞ്ഞു പോകുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാറിന്റെ സകല കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ഇപ്പോഴും ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നത്. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവത്തിനു ശേഷം കര്‍ഷകരുമായി കാര്യമായ ചര്‍ച്ചയ്ക്കു പോലും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സംഘികളാണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാറിനെയാണ് പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
വിവാദ കര്‍ഷക നിയമം പിന്‍വലിക്കാത്തത് കുത്തകകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ഈ നിയമം പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതായും അവര്‍ വിശ്വസിക്കുന്നു. സ്വന്തം ജനതക്കു മുന്നില്‍ തല കുനിക്കുന്നത് അപമാനമായി കാണുന്നവര്‍ക്ക് ഈ രാജ്യം ഭരിക്കാന്‍ അവകാശമില്ലന്നാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകരുടെ മരണസംഖ്യ കൂടും തോറും കാവി രാഷ്ട്രീയത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നാണ് ഇടതുപക്ഷ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ ഏതു നിമിഷം തിരഞ്ഞെടുപ്പ് നടന്നാലും ഭരണം കൈവിട്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കര്‍ഷക രോഷം ഈ സംസ്ഥാനത്ത് അത്രയ്ക്കും രൂക്ഷമാണ്. അടുത്ത വര്‍ഷം നടക്കുന്ന യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നതും കര്‍ഷകര്‍ തന്നെയായിരിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പോലും ശരിക്കും ഭയമുണ്ട്. രാകേഷ് ടിക്കായത്ത് എന്ന കര്‍ഷക നേതാവിനെയാണ് യോഗി ആദിത്യനാഥ് ഭയപ്പെടുന്നത്. യു.പി കൈവിട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ഊഴവും ത്രിശങ്കുവിലാകും. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയാണ് രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ഗുജറാത്ത് വിട്ട് സാക്ഷാല്‍ മോദി തന്നെ യു.പിയില്‍ നിന്നും ജനവിധി തേടിയിരിക്കുന്നത്.
ജാതി രാഷ്ട്രീയത്തിനു മുന്നില്‍ ഹിന്ദുത്വവാദം ഉയര്‍ത്തി യു.പി ഭരണം പിടിച്ച ബി.ജെ.പിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവുകയില്ല. കര്‍ഷക സംഘടനകള്‍ക്ക് ശക്തമായ വളക്കൂറുള്ള മണ്ണാണ് യു.പിയിലേത്. ഇവര്‍ക്കിടയില്‍ രാകേഷ് ടിക്കായത്തിനുള്ള സ്വാധീനവും വളരെ കൂടുതലാണ്. കര്‍ഷക പ്രശ്‌നം പരിഹരിക്കാതെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് യോഗിക്കും വമ്പന്‍ തിരിച്ചടിയാകും. മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും അതിരൂക്ഷമായ എതിര്‍പ്പാണ് കര്‍ഷകരുടെ ഭാഗത്ത് നിന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാറിനെ പെട്ടെന്ന് വീഴ്ത്താം എന്നു സ്വപ്നം കണ്ട ബി.ജെ.പിക്ക് മുന്നില്‍ ഭരണം പിടിക്കുക എന്നത് വലിയ സ്വപ്നമായി തന്നെയാണ് ഇപ്പോഴും അവശേഷിക്കുന്നത്.
മഹാരാഷ്ട്രയിലെ കര്‍ഷക സമരമാണ് ഡല്‍ഹിയിലേക്ക് പടര്‍ന്ന കര്‍ഷക പ്രക്ഷോഭത്തിനും വഴിമരുന്നിട്ടിരിക്കുന്നത്. ഇതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരിക്കുന്നത് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയാണ്. നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ചെങ്കൊടിയുമായി മുന്‍പ് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ലോക ശ്രദ്ധയാണ് പിടിച്ചു പറ്റിയിരുന്നത്. ബി.ജെ.പി ഭരണകൂടത്തെ മറാത്ത മണ്ണില്‍ നിന്നും തൂത്തെറിയുന്നതില്‍ പ്രധാന പങ്കുവഹിച്ചതും കര്‍ഷക രോഷമാണ്. ചെമ്പട വിതച്ചത് കോണ്‍ഗ്രസ്സും എന്‍.സി.പിയുമാണ് കൊയ്തത് എന്നു മാത്രം. മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ സംഘടനാപരമായ പരിമിതിയാണ് ഇരു പാര്‍ട്ടികള്‍ക്കും ഗുണകരമായി മാറിയിരുന്നത്. പിന്നീട് ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സും എന്‍.സി.പിയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും വിജയിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം മഹാരാഷ്ട്രയിലും ബി.ജെ.പിക്കില്ല. അതൊരു യാഥാര്‍ത്ഥ്യവുമാണ്. കേന്ദ്ര സര്‍ക്കാറിനെതിരായി രാജ്യത്ത് ജനരോഷം ഉയര്‍ത്തുന്നതിനു പിന്നില്‍ ഇടതുപക്ഷ സംഘടനകള്‍ക്കാണ് വലിയ പങ്കുള്ളത്. ഇക്കാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെ പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ ബുദ്ധി കേന്ദ്രവും ഇടതു സംഘടനകളാണെന്നാണ് മോദി തുറന്നടിച്ചിരുന്നത്. ഡല്‍ഹി ‘വളഞ്ഞ’ കര്‍ഷക പ്രക്ഷോഭത്തില്‍ കിസാന്‍സഭയുടെ നേതൃത്വം ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമരപന്തല്‍ പൊളിക്കാന്‍ വന്ന യുപി പൊലീസിനെ തുരത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നതും കമ്യൂണിസ്റ്റുകളായിരുന്നു.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പോലും പകച്ചിടത്ത് ആത്മവിശ്വാസം നല്‍കി ചെറുത്ത് നിന്നത് കെ.കെ രാഗേഷും സംഘവുമായിരുന്നു. രാഗേഷ് ഉള്‍പ്പെടെയുള്ള കിസാന്‍സഭ നേതാക്കളുടെ ഇടപെടല്‍ കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി രാകേഷ് ടിക്കായത്ത് തന്നെ പിന്നീട് തുറന്നു പറയുകയുമുണ്ടായി. ഭരണകൂടത്തെ ആട്ടിയകറ്റിയാണ് ഈ കോവിഡ് കാലത്തും കര്‍ഷകര്‍ സമരമുഖത്ത് പുതിയ ചരിത്രം രചിക്കുന്നത്. ഇത് പൊരുതുന്ന മനസ്സുകള്‍ക്ക് നല്‍കുന്നത് വലിയ ആവേശമാണെങ്കില്‍ ചങ്കിടിക്കുന്നത് കേന്ദ്ര ഭരണകൂടത്തിനു തന്നെയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അതല്ലങ്കില്‍ മരിക്കാനും തയ്യാര്‍ എന്ന കര്‍ഷക പ്രഖ്യാപനത്തിന് മുന്നില്‍ സാക്ഷാല്‍ കൊലയാളി വൈറസുകള്‍ പോലുമാണ് ഇപ്പോള്‍ പകച്ചു നില്‍ക്കുന്നത്.