90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ ജാമ്യത്തിന് അര്‍ഹനാവൂയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ മാത്രമേ ജാമ്യത്തിന് അര്‍ഹനാവൂ എന്ന് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി.

ഗുരുതര കുറ്റങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കാനാവില്ല. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നു.

കേസില്‍ ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് സമര്‍പ്പിച്ച നാലാമത്തെ ജാമ്യഹര്‍ജിയും ഇന്ന് കോടതി തള്ളിയിരുന്നു. നടിയുടെ അശ്ലീലചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് തനിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്നും ഇത് പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവികജാമ്യം ലഭിക്കണമെന്നുമായിരുന്നു ദിലീപിന്റെ വാദം.

എന്നാല്‍ ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ കൂട്ടമാനഭംഗക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പത്തു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ദിലീപിനും ബാധകമാണ്. ആ നിലയ്ക്ക് 90 ദിവസം വരെ കുറ്റപത്രം നല്‍കാന്‍ സമയമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പ്രോസിക്യൂഷന്‍ നിലപാടിനെ അംഗീകരിക്കുന്ന രീതിയിലാണ് കോടതിയുടെ വിധിപ്രസ്താവം.

Top