തിരുവനന്തപുരം : മകന് രാജ്യസഭാ സീറ്റ് നല്‍കി മാണിയെ മാണിക്യമായി യു.ഡി.എഫിലേക്ക് തിരികെകൊണ്ടുവന്നവര്‍ക്ക് ഇനി മാണി മാറാപ്പാകുന്നു. ബാര്‍കോഴക്കേസില്‍ പ്രതിയായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയ മാണി യു.ഡി.എഫ് വിട്ടപ്പോള്‍ വിജലന്‍സ് റിപ്പോര്‍ട്ട് മയപ്പെടുത്തിയ ഇടതുസര്‍ക്കാരിനും റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി നടപടി തിരിച്ചടിയാകുന്നു.
മാണിയുടെ യു.ഡി.എഫ് പ്രവേശനത്തെ പരസ്യമായി എതിര്‍ത്ത മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടുകള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം.
ബാര്‍കോഴക്കേസിലെ ആരോപണത്തിന്റെ നിഴലില്‍ മാണിയുടെ ബജറ്റ് പ്രസംഗം ഇടതുപക്ഷം തടസപ്പെടുത്തിയും നിയമസഭയിലെ അക്രമങ്ങളും നിയമസഭാ ചരിത്രത്തിലെ കറുത്ത ഏടുകളായിരുന്നു. രമേശ് ചെന്നിത്തലയുമായി ഇടഞ്ഞ് മാണി യു.ഡി.എഫ് വിട്ടതോടെ ബാര്‍ കള്ളനെന്നു വിളിച്ച് ഒറ്റപ്പെടുത്തിയ സി.പി.എം കെ.എം മാണിയുമായി അടുപ്പത്തിലായി.
മാണിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കാന്‍ സി.പി.എം തീരുമാനിച്ചെങ്കിലും വി.എസ് അച്യുതാനന്ദനും സി.പി.ഐയും ശക്തമായി എതിര്‍ക്കുകയായിരുന്നു. മാണി ഇടതുമുന്നണിയില്‍ ചേരുമെന്ന ഘട്ടത്തിലായിരുന്നു ബാര്‍കോഴക്കേസില്‍ തെളിവില്ലെന്നു പറഞ്ഞ് മാണിക്ക് ക്ലീന്‍ചിട്ട് നല്‍കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സി.പി.ഐ ഉടക്കിയതോടെ മാണിയുടെ ഇടതുമുന്നണി പ്രവേശം അടഞ്ഞ അധ്യായമായി. ഈ പ്രതിസന്ധിയിലാണ് പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റ് മാണിക്കുവെച്ചുനീട്ടി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയെ യു.ഡി.എഫിലെത്തിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനവുമുള്ള കുര്യനെ വെട്ടിയത് മാണിയെ ഒപ്പം കൂട്ടാനെന്ന വാദം ഉയര്‍ത്തിയായിരുന്നു.
ബാര്‍കോഴക്കേസില്‍ രാഷ്ട്രീയമായി സംരക്ഷിച്ചിട്ടും മുന്നണിവിട്ട മാണിയെ തിരിച്ചെടുക്കുന്നതിനു വേണ്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കരുതെന്ന നിലപാടായിരുന്നു സുധീരന്‍ ഉയര്‍ത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താനടക്കമുള്ളവര്‍ സുധീരനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മാണി യു.ഡി.എഫിലെത്തിയെങ്കിലും അതിന്റെ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിനു ലഭിച്ചില്ല.
ചെങ്ങന്നൂരില്‍ ദയനീയപരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റും മാണിക്കുവേണ്ടി അടിയറവച്ച കോണ്‍ഗ്രസിന് ബാര്‍കോഴക്കേസില്‍ വീണ്ടും മാണിയെ ന്യായീകരിക്കേണ്ട രാഷ്ട്രീയ ഗതികേടാണുള്ളത്.
റിപ്പോര്‍ട്ട്: എം. വിനോദ്