തിരുവനന്തപുരം: ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്ത് ജലസംഭരണിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. അപ്പീല്‍ കോടതി സ്വീകരിച്ചെന്ന വിവരം നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന സീനിയര്‍ അഡ്വ.കെ.എല്‍.ബാലചന്ദ്രന്‍ അറിയിച്ചു. മനോരമ ഓണ്‍ലൈനോടാണ് അഡ്വ.കെ.എല്‍.ബാലചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഉന്നത കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടുന്നത്. നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യങ്ങളും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ ക്രിമിനല്‍ സ്വഭാവവും കേസില്‍ പരിഗണിക്കണമെന്ന് ഉന്നത കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെട്ടു. നിമിഷയുടെ കേസിന്റെ വിധിപ്പകര്‍പ്പ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചു. കഴിഞ്ഞ ദിവസം എംബസി അധികൃതര്‍ ജയിലിലെത്തി നിമിഷയെ കണ്ട് അപ്പീല്‍ നല്‍കാനുള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. നിമിഷയുടെ കേസ് വാദിക്കാന്‍ യെമന്‍ സ്വദേശിയായ അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിരുന്നു.
തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ബ്ലഡ് മണി’നല്‍കി ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യെമനിലെ നിയമം അനുസരിച്ച് ബ്ലഡ് മണി കുടുംബം സ്വീകരിച്ചാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകാം. ജയിലില്‍നിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക. പണം നല്‍കാന്‍ സന്നദ്ധസംഘടനകള്‍ തയാറായിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബവുമായി അടുത്തിടെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. തലാലിന്റെ കുടുംബവുമായി മാസങ്ങള്‍ക്കു മുന്‍പ് ബാലചന്ദ്രന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊലയ്ക്കു കൂട്ടുനിന്ന നഴ്സ് ഹനാന്‍ യെമനിലെ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.