ദില്ലി: ദില്ലി എസ്എന്‍ഡിപി യൂണിയന്‍ പിരിച്ചുവിട്ട നടപടി താല്‍കാലികമായി വിലക്കി ദില്ലി രോഹിണി കോടതി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ ടി പി മണിയപ്പന്‍ ചുമതല ഏല്‍ക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചു. ദില്ലി യൂണിയന്‍ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയന്റെ സെക്രട്ടറി എസ്. സതീശനാണ് ദില്ലി രോഹിണിയിലെ ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നല്‍കിയ ഹര്‍ജിലാണ് രോഹിണിയിലെ ജില്ലാ കോടതിയുടെ ഇടപെടല്‍.
എസ്എന്‍ഡിപി യോഗത്തില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വ്യാപകമായി യൂണിയനുകള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ അനില്‍ കുമാര്‍, ദില്ലി യൂണിയന്‍ മുന്‍ പ്രസിഡന്റും അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട ടി.പി. മണിയപ്പന്‍, ടി.പി മന്മഥന്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. കേരളത്തില്‍ 70-ഓളം അഡ്മിനിസ്ട്രേറ്റര്‍മാരെ ഇങ്ങനെ നിയമിച്ചെന്നും കേരള ഹൈക്കോടതി ഉത്തരവ് മറിക്കടക്കാന്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു. എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ അനില്‍കുമാറിന് വേണ്ടി അഭിഭാഷക യോഗ മായ ഹാജരായി.