കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

prasanth-bhushan

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെയും അവഹേളിച്ചതില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഗുരുതരമായ കോടതിയലക്ഷ്യമാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയത്. അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ശിക്ഷയില്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് സുപ്രീംകോടതി സ്വമേധയയാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തത്. മോട്ടോര്‍സൈക്കിള്‍ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്സണില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 29-ന് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ‘ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

ചീഫ് ജസ്റ്റിസിനെ മാത്രമാണ് അതില്‍ ഉന്നംവെച്ചതെങ്കില്‍ സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.

Top