അഴിമതിക്കേസ്, കോടതിയുടെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമെന്ന് ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ: അഴിമതിക്കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ രംഗത്ത്.

കോടതിയുടെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്ന് ടെമര്‍ പറഞ്ഞു. താന്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ല. അതിനാല്‍ തന്നെ കുറ്റംചുമത്തപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്ക് തെല്ലും ആശങ്കയുമില്ല ടെമര്‍ പറഞ്ഞു.

മന്ത്രിമാരും അഭിഭാഷകരും പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കോടതി നടപടികളെ വിമര്‍ശിച്ചത്. കെട്ടുകഥ കേള്‍ക്കുന്നത് പോലെയാണ് കുറ്റം ചുമത്തിയെന്ന് കേട്ടപ്പോള്‍ തോന്നിയത്. തനിക്കെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള എന്തെങ്കിലും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടോ അതില്ലാത്തപക്ഷം തന്നെ കുറ്റക്കാരനാക്കണമെങ്കില്‍ പീനല്‍കോഡ് തന്നെ മാറ്റിയെഴുതേണ്ടിവരും ടെമര്‍ വ്യക്തമാക്കി.

തന്റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും അഴിമതിരഹിതമാണ്. ബ്രസീലിന്റെ നന്മക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. കേസുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ മനസിലാക്കാന്‍ തനിക്ക് ആരുടെയും സഹായം ആവശ്യമില്ല. 40 വര്‍ഷത്തിലേറെയായി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ആളാണ് താനും ടെമര്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖ മാംസവ്യാപാര കമ്പനിയുടെ മേധാവിയില്‍ നിന്ന് വന്‍തുക കൈക്കൂലി കൈപ്പറ്റിയെന്ന കേസിലാണ് സുപ്രീം കോടതി ടെമറിനെതിരെ കുറ്റം ചുമത്തിയത്. പ്രസിഡന്റിനെതിരായ കേസ് പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് വിടണമോയെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിക്ക് തീരുമാനിക്കാമെന്നിരിക്കെയാണ് കോടതി നടപടികളെ പാടെ തള്ളി ടെമര്‍ വീണ്ടും രംഗത്തെത്തിയത്.

Top