പാലാരിവട്ടം അഴിമതി കേസ്: ടി. ഒ. സൂരജിനെ ചോദ്യം ചെയ്യാന്‍ അനുമതി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. നാളെ രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെ സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്.

പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നുവെവെന്നാണ്‌ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പഞ്ഞത്.

ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് നേത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിക്കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നിര്‍മാണക്കമ്പനിയായ ആര്‍.ഡി.എസിന് കരാറിന്റെ ഭാഗമായാണോ മുന്‍കൂര്‍ പണം നല്‍കിയതെന്നും പാലം പൊളിക്കേണ്ടത് യാഥാര്‍ഥ്യമല്ലേയെന്നും കോടതി ചോദിച്ചു. ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് ടി.ഒ.സൂരജ് ആവര്‍ത്തിച്ചു.

Top