ഗംഗേശാനന്ദയെ കോടതിയില്‍ ഹാജരാക്കാത്തതിന് പൊലീസിന് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയെ കോടതിയില്‍ ഹാജരാക്കാത്തതിന് പൊലീസിന് പോക്‌സോ കോടതിയുടെ ശകാരം.

തന്നെ പതിനഞ്ച് വയസ്സ് മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പൊലീസിനെ ശകാരിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വാമിയെ കോടതിയില്‍ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുകയെന്നും കോടതി പൊലീസിനോട് ചോദിച്ചു.

എന്നാല്‍, സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Top