ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണ്‍ സുധീര്‍യാദവ് റോ ഏജന്റാണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. 2016 മാര്‍ച്ച് 3ന് ബലൂചിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ പാകിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചന നടത്തിയെന്നും പാക്കിസ്ഥാന്‍ ആരോപണത്തില്‍ ഉന്നയിക്കുന്നു. അതിനാലാണ് ജാദവ് ശിക്ഷ ഏറ്റുവാങ്ങുന്നതെന്നുമാണ് പാകിസ്താന്റെ കുറ്റപ്പെടുത്തല്‍.
ഇത്തരത്തില്‍ കുല്‍ഭൂഷണ്‍ യാദവിനു മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് പാകിസ്ഥാന്റെ ന്യായീകരണം. എന്നാല്‍ കുല്‍ഭൂഷണെതിരെ വിശ്വസനീയമായ യാതൊരു തെളിവുകളും പാകിസ്ഥാന്റെ പക്കല്‍ ഇല്ലെന്നാണ് ഇന്ത്യ പറയുന്നത്. വിധി നടപ്പിലാക്കാന്‍ എടുത്ത നടപടിക്രമങ്ങള്‍ അഹാസ്യമാണ്. കുല്‍ഭൂഷണെ വിചാരണ ചെയ്യുന്നുണ്ടെന്ന പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിവരം അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നും ഇന്ത്യ പറയുന്നു.