കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഒരുവര്‍ഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി.
തടയണക്കെതിരായ പരാതിക്കാരന്‍ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് മലപ്പുറം കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ചെറുകിട ജലസേചന വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഇ.പി ബാലകൃഷ്ണന്‍ എന്നിവരോട് രണ്ടാഴ്ചക്കകം വിശദസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസ് 25ന് വീണ്ടും പരിഗണിക്കും. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ഈനോക്ക് ഡേവിഡ്, എസ്.ശ്രീദേവ്, റോണി ജോസ്, സൂസാന്‍ കുര്യന്‍, സിമില്‍ ചെറിയാന്‍ കോട്ടാലില്‍ എന്നിവര്‍ ഹാജരായി.
പി.വി അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കളക്ടര്‍ ഹൈക്കോടതി ഉത്തരവിനെ അപഹസിക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി.
കരാര്‍ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ തടയണകെട്ടിയത് പി.വി അന്‍വറായിരുന്നു. പിന്നീട് തടയണ നില്‍ക്കുന്ന സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റി. നിയമവിരുദ്ധമായി കാട്ടരുവിയില്‍ കെട്ടിയ തടയണ താഴ്വാരത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണ പൊളിച്ചുനീക്കാന്‍ പി.വി അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫിനോട് മലപ്പുറം കളക്ടറായിരുന്ന അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ ഉത്തരവിട്ടതെന്നു കാണിച്ച് അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന് 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല. ഇതോടെ സി.കെ അബ്ദുല്‍ലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് 2019 ജൂണില്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല.
കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫിന്റെ ഹര്‍ജി തള്ളിയാണ് തടയണപൊളിക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവ് ശരിവെച്ച് ചീഫ് ജസ്റ്റിസ് എസ് .മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2020 ജൂണ്‍ ഒമ്പതിന് അന്തിമ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറങ്ങി നാലു മാസം കഴിഞ്ഞിട്ടും തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ വിനോദ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
തടയണയും അനധികൃതനിര്‍മ്മാണങ്ങളും പൂര്‍ണമായും പൊളിച്ചുനീക്കിയെന്നാണ് കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ 2021 ജനുവരി 15ന് കോടതി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിശ്ചിത ഇടവേളകളില്‍ കളക്ടര്‍ തടയണ സന്ദര്‍ശിക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കി സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. തടയണയില്‍ ഇപ്പോള്‍ വന്‍തോതില്‍ വെള്ളം സംഭരിച്ചതായും ഇത് താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.