ശരത് യാദവിന്റെയും അലി അന്‍വറിന്റെയും എംപി സ്ഥാനം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

ന്യൂഡെല്‍ഹി: ശരത് യാദവിന്റെയും അലി അന്‍വറിന്റെയും എംപി സ്ഥാനം റദ്ദാക്കിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ഡെല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരുവര്‍ക്കും പങ്കെടുക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബിഹാറില്‍ കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായുള്ള വിശാല സഖ്യം ഉപേക്ഷിച്ച് നിതീഷ്‌കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനെ ശരത് യാദവും അലി അന്‍വറും എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് രാജ്യസഭയിലെ ജെഡിയു നേതാവുകൂടിയായ ശരത് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് നിതീഷ് കുമാര്‍ കത്ത് നല്‍കുകയായിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇരുവരുടെയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ തിടുക്കപ്പെട്ട് രാജ്യസഭാധ്യക്ഷന്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ശരത് യാദവും അലി അന്‍വറും ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇരുവരുടെയും എംപി സ്ഥാനം റദ്ദാക്കിയ രാജ്യസഭാദ്ധ്യക്ഷന്റെ നടപടി ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയത്.

തങ്ങള്‍ നേതൃത്വം നല്‍കുന്ന പക്ഷമാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്നും തങ്ങള്‍ക്ക് പാര്‍ട്ടി ചിഹ്നമായ ‘ അമ്പ് ‘ അനുവദിക്കണമെന്നുമുള്ള ശരത് യാദവിന്റെ ആവശ്യം നേരത്തെ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം നിതീഷ് കുമാറിന്റെ വിഭാഗത്തിനാണ് അനുവദിച്ചത്. ഈ നടപടിയെയും ശരത് യാദവ് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കാനും ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടുണ്ട്.

Top