തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന വിജിലന്‍സ് എസ്പി സുകേശനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാത്തതില്‍ ദുരൂഹത.
ബാര്‍ കോഴക്കേസ് അട്ടിമറിച്ചതിനെതിരെ സുകേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകന്‍ പായ്ചിറ നവാസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
സാധാരണഗതിയില്‍ വിജിലന്‍സിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഉടന്‍ തന്നെ ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യേണ്ടതാണ്.എന്നാല്‍ സുകേഷന്റെ കാര്യത്തില്‍ അതുണ്ടാവാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
ഡിവൈഎസ്പി മുതല്‍ മുകളിലെ റാങ്കിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ കാര്യത്തില്‍ ഉത്തരവ് ഇറക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്.
ബാര്‍ കോഴക്കേസില്‍ പലവട്ടം മലക്കം മറിഞ്ഞ് വിശ്വാസ്യത കളഞ്ഞ് കുളിച്ച വ്യക്തിയാണ് തിരുവനന്തപുരം പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിലെ എസ്പിയായ സുകേശന്‍.
കെഎം മാണിയെ കുറ്റക്കാരനാക്കിയും പിന്നീട് കുറ്റവിമുക്തനാക്കിയും റിപ്പോര്‍ട്ട് നല്‍കിയ സുകേശന്‍ ഒടുവില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി പറഞ്ഞിട്ടാണ് താന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്ന ശങ്കര്‍ റെഡ്ഡി ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇനി ശങ്കര്‍ റെഡ്ഡി അത്തരമൊരു സമ്മര്‍ദ്ദം ചെലുത്തിയാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ എങ്ങനെ സ്വാധീനത്തിന് വഴങ്ങുമെന്നതാണ് ഉയരുന്ന ചോദ്യം.
അന്വേഷണ റിപ്പോര്‍ട്ടില്‍ ‘സമ്മര്‍ദ്ദ’ പ്രകാരം മാറ്റം വരുത്തുന്ന മാനസികാവസ്ഥയിലുള്ള ഉദ്യോഗസ്ഥന്റെ വിശ്വാസ്യത തന്നെ നഷ്ടമായ സാഹചര്യത്തില്‍ ഇനി ഒരു നിമിഷം സുകേശനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാതെ പുറത്താക്കണമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സുകേശന്‍ നിലവില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ മറ്റ് കേസുകളുടെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമുണ്ടായതിനാല്‍ സുകേശനെ ഉടനെ തന്നെ വിജിലന്‍സില്‍ നിന്ന് മാറ്റി നിര്‍ത്തി ഇയാള്‍ക്കെതിരെ നിഷ്പക്ഷമായ വിജിലന്‍സ് അന്വേഷണം ഉറപ്പ് വരുത്താന്‍ ആഭ്യന്തരവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമാണ്.