court ordered to arrest P V Anwar

മഞ്ചേരി: വില്ലാ പദ്ധതിക്ക് റോഡിനായി സ്ഥലം വാങ്ങിയതില്‍ പണം നല്‍കാതെ വഞ്ചിച്ചതിന് നിലമ്പൂര്‍ നിയോജകമണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് മഞ്ചേരി സബ് ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 11ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് സബ് ജഡ്ജി ജോണ്‍ തട്ടില്‍ ഉത്തരവിട്ടത്.

92 വയസുള്ള മഞ്ചേരി നാലംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ സ്ഥലം വാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കാതിരിക്കുകയും അനധികൃതമായി കൂടുതല്‍ സ്ഥലം സ്വന്തമാക്കുകയും ചെയ്തതിന് 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന കോടതി വിധി ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി.പി ജോസഫിന്റെ 19 സെന്റ് സ്ഥലം അന്‍വര്‍ വാങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ജെ.സി.ബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമിയും സ്വന്തമാക്കി. എന്നിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ. പി.എ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ ഒ.എസ് 230/2008 ആയി കേസ് നല്‍കുകയായിരുന്നു.

കോടതിചെലവും നഷ്ടപരിഹാരവും സഹിതം അന്‍വര്‍ 21.22 ലക്ഷം നല്‍കാന്‍ വിധി വന്ന് ആറു മാസം കഴിഞ്ഞിട്ടും പണം നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ ജോസഫ് കോടതി വിധി നടത്തിതരുന്നതിനായി ഇ.പി 38/2015 നടത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്‍വറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ 2015 ഡിസംബറില്‍ ഒരു ലക്ഷവും ഈ വര്‍ഷം ജനുവരി 14ന് അമ്പതിനായിരം രൂപയും മാത്രമാണ് അടച്ചത്.

സാമ്പത്തിക പ്രതിസന്ധി കാരണം പെട്ടെന്ന് മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നും മാര്‍ച്ച് 31നകം 10 ലക്ഷം രൂപ നല്‍കാമെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് 31ന് പത്ത് ലക്ഷം അടക്കാതിരുന്നതോടെയാണ് കോടതി 12ന് അന്‍വറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. കോടികള്‍ ആസ്തിയുള്ള അന്‍വര്‍ നിലമ്പൂരില്‍ സി.പി.എമ്മിന്റെ പെയ്‌മെന്റ് സ്ഥാനാര്‍ത്ഥിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ സ്ഥാനാര്‍ത്ഥിക്ക് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത് സി.പി.എം നേതൃത്വത്തെയും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്.

Top