കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേഷനോട് ഹൈക്കോടതി വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല കലക്ടര്‍ ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ഖരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ എന്താണ് സ്ഥിതിയെന്ന് അറിയിക്കാന്‍ ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 % ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗണ്‍ കൂടി വന്നതോടെ അമിനി ,കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായും ഹര്‍ജിയില്‍ പറയുന്നു.