ട്വിറ്ററിനോട് ബോട്ട് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇലോണ്‍ മസ്‌കിന് നല്‍കാന്‍ കോടതി

ട്വിറ്ററിന്റെ ജനറല്‍ മാനേജറായിരുന്ന കേയ് വോന്‍ ബെയ്ക്‌പോറില്‍ നിന്ന് ബോട്ട് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഇലോണ്‍ മസ്‌കിന് കൈമാറാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കോടതി. ഡെലവേര്‍ കോടതിയാണ് മസ്‌കിന് അനുകൂലമായി ഉത്തരവിറക്കിയിരിക്കുന്നത്.

ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നേരിട്ട് അറിവുണ്ടായിരുന്ന 22 ട്വിറ്റര്‍ ജീവനക്കാരില്‍ നിന്നുള്ള രേഖകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് മസ്‌കിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ബെയ്ക്‌പോറിന്റെ പക്കലുള്ള രേഖകളും വിവരങ്ങളും മാത്രം കൈമാറാനാണ് കോടതി ഉത്തരവിട്ടത്.

ട്വിറ്ററിലെ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് കേയ് വോന്‍ ബെയ്ക്‌പോര്‍. ഇക്കഴിഞ്ഞ മേയില്‍ ഇദ്ദേഹത്തെ കമ്പനി പിരിച്ചുവിട്ടിരുന്നു. മസ്‌കിന് ആവശ്യമുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിലെ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ എണ്ണം സംബന്ധിച്ച കണക്കുകള്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ട്വിറ്ററില്‍ എത്ര സ്പാം,ബോട്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം ചോദിച്ചത്. എന്നാല്‍ ആകെ എണ്ണത്തിന്റെ അഞ്ച് ശതമാനം മാത്രമേ ബോട്ട് അക്കൗണ്ടുകളുള്ളൂ എന്ന് മാത്രമാണ് കമ്പനി പ്രതികരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാത്ത പശ്ചാത്തലത്തില്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു.

 

Top