കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കും. മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. മുക്കാലി സ്വദേശി അബ്ബാസ് എന്നയാൾക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.

സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മധുവിൻ്റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നേരത്തെ പരാതി നൽകിയിരുന്നു. സ്വാധീനവും പ്രലോഭനവുമാണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിലുണ്ട്.

കേസിൽ സാക്ഷികളുടെ കൂറുമാറ്റം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 9 സാക്ഷികളാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. 19-ാം സാക്ഷി കക്കി മൂപ്പനും ഇന്ന് കൂറുമാറി. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തെ നൽകിയ മൊഴി. എന്നാൽ ഇത് കോടതിയിൽ തിരുത്തി.

Top