കത്വ കൂട്ടമാനഭംഗം: കേസില്‍ വിധി ഇന്ന്

പഠാന്‍കോട്ട്: കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ സുരക്ഷസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിന്ന് കേസ് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതു പ്രകാരം കഴിഞ്ഞവര്‍ഷം ജൂണില്‍ പഠാന്‍കോട്ടെ ജില്ല സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കത്വയിലെ അഭിഭാഷകര്‍ തടഞ്ഞതിനു പിന്നാലെയാണ് സുപ്രീംകോടതി ഇടപെട്ടത്. എല്ലാ ദിവസത്തെയും വിചാരണ നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

2018 ജൂണ്‍ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കത്വയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്ന് നല്‍കിയ ശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലീംങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Top