കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹര്‍ജി നേരത്തെ തളളിയിരുന്നു.
മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭര്‍തൃമാതാവ് മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.