വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ആക്ടിവിഷനെ ഏറ്റെടുക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ വിലക്കുന്നത് വിസമ്മതിച്ച് യു എസ് കോടതി.
6900 കോടി ഡോളറിന്റെ ഏറ്റെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഹര്‍ജിയാണ് ചൊവ്വാഴ്ച ജില്ലാ ജഡ്ജി ജാക്വലിന്‍ സ്‌കോട്ട് കോര്‍ലി നിരസിച്ചത്. ഈ വിധി മൈക്രോസോഫ്റ്റിന്റെ വിജയത്തെയും ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ക്കുള്ള പ്രഹരത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഏജന്‍സിയുടെ ഇന്‍ഹൗസ് ജഡ്ജിക്ക് ലയനം പുനരവലോകനം ചെയ്യാന്‍ കഴിയുന്നതുവരെ താല്‍ക്കാലിക ഉത്തരവിറക്കാന്‍ ഫെഡറല്‍ റെഗുലേറ്ററി ഏജന്‍സി കോര്‍ലിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇടപാട് കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ആക്റ്റിവിഷന്‍ ഗെയിമുകള്‍ക്ക് മേല്‍ മൈക്രോസോഫ്റ്റിന് നിയന്ത്രണം നല്‍കുമെന്നും എതിരാളി ബ്രാന്‍ഡുകളില്‍ നിന്നുള്ള കണ്‍സോളുകളില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്നും എഫ്ടിസി വാദിച്ചിരുന്നു. യുകെയിലെ റെഗുലേറ്റര്‍മാര്‍ കരാര്‍ തടയാന്‍ നീക്കം നടത്തിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഈ ലയനത്തെ പിന്തുണച്ചിരുന്നു.