കെവിന്‍ വധക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കോട്ടയം: കെവിന്‍ വധക്കേസിലെ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ. പത്ത് പ്രതികള്‍ക്കും ഇരട്ട ജീപര്യന്തം ശിക്ഷയാണ് വിധിച്ചത്. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു.

പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നല്‍കണമെന്നും കോടതി വ്യക്തമാക്കി.

കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കുറ്റക്കാര്‍.

വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്.എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്

1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

Top