ഡോ. വന്ദന കൊലക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായ നടപടി ക്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുഖമില്ലാത്തതിനാല്‍ പ്രതിയെ ഹാജരാക്കിയില്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു.

ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

ഇതില്‍ ഉത്തരവ് വരുന്നതുവരെ ജില്ല കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുടെ പകര്‍പ്പ് പ്രതിഭാഗത്തിനു കൂടി നല്‍കണമെന്ന് നിര്‍ദേശിച്ച് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് വിചാരണക്കായി ജില്ല സെഷന്‍സ് കോടതിക്ക് സെപ്റ്റംബറിലാണ് കേസ് കൈമാറിയത്.

 

Top