കട്ടപ്പന: പാര്‍ട്ടിയുടെ അധികാരം പി.ജെ ജോസഫിന് നല്‍കി കട്ടപ്പന സബ്കോടതി വിധി പുറപ്പെടുവിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വിധി പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ജോസ് കെ. മാണി വിഭാഗത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ അധികാരി ജോസഫ് ആയിരിക്കുമെന്നും ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരമെന്നും കോടതി വിധിച്ചു.
കോടതിയില്‍ പി.ജെ ജോസഫ് സമര്‍പ്പിച്ച രേഖകളും വാദങ്ങളും അംഗീകരിക്കുകയും ജോസ് വിഭാഗം ഹാജരാക്കിയ രേഖകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് കോടതി അറിയിച്ചതോടെ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിന്റെ പാര്‍ട്ടി അധ്യക്ഷ പദവി ഒന്നുകൂടി ഉറച്ചു.
പി.ജെ ജോസഫിന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി കേരളാകോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വൈകുന്നതില്‍ ജോസഫ് പക്ഷത്തിന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല പാര്‍ട്ടി തെരഞ്ഞടുപ്പ് വൈകാന്‍ ജോസഫ് നിരത്തിയ വാദവും കോടതി അംഗീകരിച്ചു. ചെയര്‍മാനായി ജോസിനു തുടരാനാകില്ലെന്ന ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരായ അപ്പീലായിരുന്നു കോടതി വാദം കേട്ടത്. ഇന്നലെ തന്നെ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയിരുന്നു.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുടെ നിര്യാണത്തോടെ ആയിരുന്നു പാര്‍ട്ടിക്കകത്ത് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ജോസ് വിഭാഗം സംസ്ഥാനസമിതി യോഗം വിളിച്ചുചേര്‍ത്ത് ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇതിനെതിരേ ജോസഫ് വിഭാഗക്കാരായ ഫിലിപ്പ് സ്റ്റീഫനും മനോഹര്‍ നടുവിലേടത്തും ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിക്കുകയും ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.
ഇതിനെതിരേയാണു ജോസ് കെ. മാണിയും കെ.ഐ. ആന്റണിയും കട്ടപ്പന സബ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീലില്‍ വിശദമായ വാദം കേട്ട കോടതി, ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി പാര്‍ട്ടി ഭരണഘടനപ്രകാരമല്ലെന്നു കണ്ടെത്തി. ഇതോടെ ജോസ് വിഭാഗത്തിനു െഹെക്കോടതിയെ സമീപിക്കേണ്ടിവരും.
എന്തായാലും ഇരു കൂട്ടരുടേയും പടലപിണക്കങ്ങളും തമ്മിലടിയും തന്നെയാണ് പാല ഉപതെഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത്. 52 വര്‍ഷമായി കോണ്‍ഗ്രസ് കോട്ടയായിരുന്ന പാല ഇന്ന് ഇടത് സര്‍ക്കാരിന്റെ കൈകളിലാണ്.