കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖക്കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടിനും ഫാദര്‍ ആന്റണി കല്ലൂക്കാരനും ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന് പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നത് ഉല്‍പ്പെടെയുള്ള ഉപാധികളോടെയാണ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.
പൊലീസ് വിശദമായി ഇരു വൈദികരെയും ചോദ്യം ചെയ്തിരുന്നു. എന്നിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിതതാത്പര്യമെന്തെന്ന് ചോദിച്ച കോടതി വ്യാജരേഖ നിര്‍മിച്ചുവെന്ന ഐപിസി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ചതല്ലാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റ് തെളിവുകളുണ്ടോ എന്ന് കോടതി ചോദിച്ചു.