കോടതിയുടെ ‘റീല്‍ ഹീറോ’ പരാമര്‍ശം വേദനിപ്പിച്ചു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീല്‍ നല്‍കുക. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കുമാരേശന്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാന്‍ തയ്യാറാണ്. നടപടിക്രമങ്ങള്‍ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീല്‍ നല്‍കുക.

രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.

Top