ചത്തീസ്ഗഢില്‍ കമിതാക്കളെ വിഷം കൊടുത്ത് കൊന്ന്‌ മൃതദേഹം കത്തിച്ചു

ദുർഗ് : ചത്തീസ്ഗഢില്‍ ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷ്ണനഗര്‍ സ്വദേശികളാണ് ഇവർ. സംഭവത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ഒളിച്ചോടി. ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്കിയിരുന്നു. ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ചെന്നൈയില്‍ ഉളളതായി കണ്ടെത്തി. ഒക്ടോബര്‍ ഏഴിന് ഒരു സംഘം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും നാട്ടിലെത്തിച്ചു. നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു.

ഇവരുടെ വീടുകളില്‍ ശനിയാഴ്ച രാത്രി എന്തോ അസ്വാഭാവികമായി നടക്കുന്നത് അവിടെ പട്രോളിങ് നടത്തിയിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരിയേയും ഐശ്വര്യയെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി അമ്മാവന്‍ രാമുവും പെണ്‍കുട്ടിയുടെ സഹോദരന്‍ ചരണും വെളുപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ 10 കിലോമീറ്റര്‍ അകലെയുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പോലീസ് നടത്തിയ തിരച്ചലില്‍ പാതികത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Top