ന്യൂഡല്‍ഹി: കോവിഡിനെതിരെ വികസിപ്പിക്കുന്ന ‘കോവാക്സിന്‍’ എന്ന വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാന്‍ ഡല്‍ഹി എയിംസ് ആരോഗ്യമുള്ള വളണ്ടിയര്‍മാരെ തേടുന്നു. തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ നടക്കും.
എയിംസ് എത്തിക്സ് കമ്മറ്റി കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ഇതിനായി ശനിയാഴ്ച നല്‍കി. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കേണ്ടത്. ഇതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവരാണ്.
കോവാക്സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഇതുവരെ കോവിഡ് ബാധിക്കാത്ത ആരോഗ്യമുള്ള മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്.
പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആരോഗ്യമുള്ള വ്യക്തികളെ എയിംസ് ക്ഷണിക്കുന്നുമുണ്ട്. Ctaiims.covid19@gmail.com എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ ഓരോ വ്യക്തിക്കും സന്നദ്ധത അറിയിക്കാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്.