അസ്സമില്‍ കൊവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

ഗുവാഹട്ടി: അസ്സമില്‍ ആദ്യത്തെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച നാലുവയസ്സുകാരിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജിലെ കുട്ടിയുടെ ആദ്യ പരിശോധനാ ഫലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാംഘട്ട പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്.

മാര്‍ച്ച് 19നാണ് കുഞ്ഞും അമ്മയും ബീഹാറില്‍ നിന്ന് ജോര്‍ഹട്ടിലെത്തിയത്. കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കിയിരുന്നു.

പിന്നീട് കുട്ടിയുടെ സാമ്പിളുകള്‍ രണ്ടാംഘട്ട പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലാഹോവാലിലുള്ള റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു കൊടുത്തിരുന്നു.ഈ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് രോഗബാധയില്ലെന്ന ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. ഇതില്‍ 63 കേസുകള്‍ വെള്ളിയാഴ്ചയും 40 കേസുകള്‍ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്.

Top