ധാക്ക : വീണ്ടും രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഏഴ് ദിവസത്തേക്കാണ് അടച്ചുപൂട്ടൽ.
ബംഗ്ലാദേശ് ഗതാഗത മന്ത്രി ഉബൈദുൾ ഖാദറാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. ഫാക്ടറികളും, നിർമ്മാണ മേഖലകളും പരിമിത ജീവനക്കാരുമായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകും ഇവയുടെ പ്രവർത്തനങ്ങൾ. ഫാക്ടറികൾക്ക് പുറമേ അവശ്യ സർവ്വീസുകളെയും ലോക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കൊറോണ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജൂൺ- ജൂലൈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നതെന്ന് അധികൃതരും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,830 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് 25 ന് ബംഗ്ലാദേശിൽ പത്ത് ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നിരവധി തവണ ഇത് നീട്ടുകയുണ്ടായി.