കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതെന്ന് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 1,35,27,71 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചരിക്കുന്നത്.

കണക്കുകൾ പ്രകാരം 13.53 മില്യൺ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രസീലിലെ ആകെ രോഗബാധിതരുടെ എണ്ണം 13.45 മില്യൺ ആണ്. വേൾഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഇതുവരെ 13,527,717 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ ബ്രസീലിൽ 13,482,543 പേർക്കാണ് രോഗബാധ. അമേരിക്കയിലിത് 31,918,591 ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 904 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,70,179 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

Top