കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മൂന്ന് കോടി പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡിന്റെ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് എത്തുന്നത്. ഇപ്പോഴിതാ മൂന്ന് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെയും തമിഴ്‌നാട്ടിലെയും പ്രവര്‍ ത്തനങ്ങള്‍ക്ക് കരുത്തേകാനാണ് ബിഎംഡബ്ല്യു ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോവിഡ് രാജ്യത്തെ ആരോഗ്യമേഖലയിലും വ്യാവസായിക മേഖലയിലും കടുത്ത ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. ഈ മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഎംഡബ്ല്യു പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ സിഇഒ രുദ്രതേജ് സിങ്ങ് അറിയിച്ചു.

ധനസഹായത്തിന് പുറമെ, ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിന് സമീപമുള്ള ചെങ്കല്‍പേട്ട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിനായി ബിഎംഡബ്ല്യു സഹായിക്കുമെന്നും

ചെന്നൈയിലെയും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും ബിഎംഡബ്ല്യും അറിയിച്ചു.

ഈ രണ്ടു സ്ഥലങ്ങളിലെയും ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും ബിഎംഡബ്ല്യു പ്രസ്താവനയില്‍ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിനായും സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്ലാന്റുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

Top