അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കോവിഡ് 19 കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 500 ദിവസം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഇടവേളകളില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ റൂമിലെ എല്ലാ അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ പ്രവര്‍ത്തനമാണ് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.

സര്‍വയലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജെനറേഷന്‍, മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, സാമ്പിള്‍ ട്രാക്കിംഗ് ടീം, മീഡിയ സര്‍വയലന്‍സ് ടീം, ഡോക്യുമെന്റേഷന്‍ ടീം, െ്രെപവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം തുടങ്ങിയ 18 വിദഗ്ധ കമ്മിറ്റികളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഇതേ മാതൃകയില്‍ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്.

ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.

എല്ലാ ദിവസവും തലേ ദിവസത്തെ കേസുകളും പ്രശ്‌നങ്ങളും വിലയിരുത്തിയാണ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളുമായും ചര്‍ച്ചകള്‍ നടത്തി വരുന്നു. സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജില്ലകളില്‍ അറിയിക്കുകയും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി മിക്കവാറും ദിവസങ്ങളില്‍ കോവിഡ് സംബന്ധിച്ച് വിദഗ്ധര്‍ വിഷയാവതരണവും നടത്തിവരുന്നു.

ഈ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് കോള്‍ സെന്ററുമുണ്ട്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

Top