കൊറോണക്കാലത്ത് മാതൃക കാട്ടി ഡി.വൈ.എഫ്.ഐ സഹായ ഹസ്തം

രണത്തിനും ജീവിതത്തിനും ഇടയില്‍ പൊരുതുകയാണിപ്പോള്‍ ലോകം. വികസിത രാജ്യങ്ങള്‍ പോലും കൊറോണ എന്ന കൊലയാളി വൈറസിനെ പ്രതിരോധിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് പടര്‍ന്നു കഴിഞ്ഞു. ശക്തവും, യുക്തിപരവുമായ പ്രതിരോധമാണ് ഇന്ന് ഈ നാടിനാവിശ്യം. ഭയപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാനും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

ഇവിടെയാണ് ഡി.വൈ.എഫ്.ഐ എന്ന സംഘടനയും വ്യത്യസ്തമാകുന്നത്.

കൊറോണ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ ആദ്യത്തെ ഐസുലേഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയത് തന്നെ ഈ വിപ്ലവ യുവജന സംഘടനയാണ്.

പൂട്ടി കിടന്ന പന്തളം അര്‍ച്ചന ഹോസ്പിറ്റലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഈ കായികാധ്യാനത്തിലെ മികവ് ബോധ്യപ്പെട്ടതിനാലാണ് മുഖ്യമന്ത്രി തന്നെ യുവജന പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിച്ചിരിക്കുന്നത്.

തൊടുപുഴ ഐസൊലേഷന്‍ സെന്ററിലെ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത് തനിക്കൊരിക്കലും ഈ സംഘടനയുടെ പേര് പറയാതിരിക്കാന്‍ കഴിയില്ലന്നാണ്. ഒരാഴ്ചകൊണ്ടു തീരാത്ത പ്രവര്‍ത്തിയാണ് ഒറ്റ രാത്രി കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴു നിലകളുള്ള മന്ദിരമാണ് നൂറ് കണക്കിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വൃത്തിയാക്കിയിരിക്കുന്നത്.

ഏറെ കാലമായി പ്രവര്‍ത്തിക്കാതെ പൊടിപിടിച്ചുകിടന്നിരുന്ന നാലുനില കെട്ടിടം അഞ്ച് മണിക്കൂര്‍ കൊണ്ട് വൃത്തിയാക്കിയാണ് കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ വ്യത്യസ്തമായത്. നെഹ്റു കോളേജിന് മുന്‍ഭാഗത്തുള്ള കേന്ദ്ര സര്‍വകലാശാലയുടെ ക്യാമ്പസായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഐസൊലേഷന്‍ കേന്ദ്രമാക്കി ഇവിടെ മാറ്റിയിരിക്കുന്നത്.

ഇരുന്നൂറിലധികം വരുന്ന, നീലേശ്വത്തേയും കാഞ്ഞങ്ങാട്ടേയും ഡിവൈഎഫ്ഐ വൊളന്റീയര്‍മാരാണ്, ശൂചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്നത്. 12 മണിക്ക് തുടങ്ങിയ ശുചീകരണം കൃത്യം നാലുമണിയോടെ പൂര്‍ത്തിയായി. നന്നാക്കിയെടുക്കാന്‍ വിഷമമാണെന്ന് കരുതി ഒഴിവാക്കിയ, നൂറിലധികം മുറികളുള്ള കെട്ടിടമാണ് അഞ്ച് മണിക്കൂറിനുള്ളില്‍ പുത്തന്‍ കെട്ടിടമായി മാറിയിരിക്കുന്നത്.

ഇതു പോലെ വിവിധ ജില്ലകളിലായി 50 ഓളം ഐസോലേഷന്‍ സെന്ററുകളാണ് ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനഫലമായി പുതുതായി പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

തീര്‍ന്നില്ല ഇനിയുമുണ്ട് ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തന മികവ്.

കൊറോണക്കു മുന്നില്‍ രക്തത്തിന്റെ ലഭ്യതയില്‍ ഇടിവുണ്ടായപ്പോള്‍ അതു പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയതും ഈ സംഘടനയാണ്. പ്രത്യേക രക്തദാന പദ്ധതി തന്നെ അവര്‍ ഇതിനായി സൃഷ്ടിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തന്നെ ആദ്യം തിരുവനന്തപുരം ബ്ലഡ് ബാങ്കില്‍ പോയി രക്തം നല്‍കിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. രക്തം കിട്ടാത്ത സാഹചര്യം ഒരു ബ്ലഡ് ബാങ്കിലും ഉണ്ടാകില്ലന്ന് പ്രഖ്യാപിച്ചായിരുന്നു ഈ ഇടപെടല്‍ -പ്രതിദിനം എല്ലാ ജില്ലകളിലും 100 പേര്‍ വീതമാണ് രക്തം നല്‍കി വരുന്നത്.

കൊറോണ പ്രോട്ടോകോള്‍ പ്രകാരം ഔട്ട് ഡോര്‍ ക്യാംപുകള്‍ അവസാനിപ്പിക്കേണ്ടി വന്നതാണ് രക്ത ക്ഷാമത്തിന് കാരണമായിരുന്നത്.

വൈറസിനെ പ്രതിരോധിക്കാനുള്ള മാസ്‌ക് നിര്‍മ്മാണത്തിലേക്കും യുദ്ധകാല അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐ കടന്നിരിക്കുന്നത്.

ഇതിനകം തന്നെ ഒന്നര ലക്ഷത്തിലധികം മാസ് കുകളാണ് സംഘടന വിതരണം ചെയ്തിരിക്കുന്നത്.

സാനിറ്റൈസര്‍ ലഭ്യത വെല്ലുവിളിയായപ്പോള്‍ അക്കാര്യത്തിലും ഇടപെട്ടത് ഡി.വൈ.എഫ്.ഐ തന്നെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, തെരുവ് കച്ചവടക്കാര്‍, സാധാരണക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പൊലീസിന് വരെ സാനിറ്ററൈസ് ഇവര്‍ വിതരണം ചെയ്യുകയുണ്ടായി.

തിരുവനന്തപുരത്തെ ട്രാഫിക്ക് പൊലീസിന് പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള സാനിറ്റൈസറാണ് നല്‍കിയിരിക്കുന്നത്.

വേനല്‍ക്കാലത്ത് ദാഹമകറ്റാന്‍ സ്ഥാപിച്ചിരുന്ന ദാഹജല പന്തലിനെ ‘വാഷിങ്ങ് കോര്‍ണറാക്കിയും’ നേരത്തെ തന്നെ മാറ്റുകയുണ്ടായി. സംസ്ഥാന വ്യാപകമായി കാല്‍ ലക്ഷത്തിലധികം വാഷിങ് കോര്‍ണറുകളാണ് ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിരിക്കുന്നത്.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സഹായത്തിനായി തലസ്ഥാനത്ത് കോള്‍ സെന്ററും ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടുണ്ട്.

ആറ് നമ്പറുകളില്‍ വിദഗ്ദ പരിശീലനം ലഭിച്ച ആറു പേരാണ് സേവനമനുഷ്ടിക്കുന്നത്. മാനസിക പിരിമുറുക്കം ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരവും ഇവിടെ നിന്നും നല്‍കുന്നുണ്ട്.

ഭക്ഷണം, പുസ്തകം, ആംബുലന്‍സ്, മരുന്ന് എന്നിവ എത്തിക്കാന്‍ കൂടിയാണ് ഈ സംവിധാനം. 24 മണിക്കൂറും ഈ സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ്.

പ്രധാനമന്ത്രി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ യൂണിറ്റു കമ്മറ്റികള്‍ക്കും ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കിയിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ബംഗാള്‍, കന്നട ഭാഷകളിലാണ് ഹെല്‍പ്പ് ലൈന്‍. പോസ്റ്ററുകള്‍ ഹിന്ദി, ബംഗാള്‍, കന്നട ഭാഷകളിലായി അച്ചടിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ ഇടപെടല്‍ ഇപ്പോള്‍ സഹായകരമായിട്ടുണ്ട്.

ഫോണ്‍ പോലും വിളിക്കാന്‍ ശേഷിയില്ലാത്തവരും അവശരുമായ നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. ഇവരുടെ കണക്കെടുത്ത് സഹായം എത്തിയോ എന്ന് ഉറപ്പ് വരുത്താനാണ് നിര്‍ദ്ദേശം. സംഘടനക്ക് പറ്റുന്ന സഹായം സംഘടന തന്നെ ചെയ്യുമെന്നും അല്ലാത്തത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ലഭ്യമാക്കുമെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

കേരളം ഒറ്റ മനസ്സായി ചെറുക്കേണ്ട മഹാമാരിയെയാണ് ഇപ്പോള്‍ നാം നേരിടുന്നത്.

പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കുന്നവരെ സഹായിക്കാന്‍ എല്ലാ യുവജന സംഘടനകള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ ഇവിടെ പ്രവര്‍ത്തന രംഗത്ത് നാം കാണുന്നത് ഡി.വൈ.എഫ്.ഐയെ മാത്രമാണ്. മറ്റ് ചില യുവജന സംഘടനകള്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് ‘പൊറാട്ടു നാടകം’ കളിക്കുന്നത്.

ഓരോ പ്രദേശത്തെ എം.എല്‍.എമാരും മറ്റു ജനപ്രതിനിധികളും ജനങ്ങളുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയമാണത്. ആശ്വാസം നല്‍കാന്‍ മാത്രമല്ല, എന്തെങ്കിലും സഹായം അനിവാര്യമായാല്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഇതുവഴി സാധിക്കും.

dyfi11

dyfi11

കൂടുതല്‍ പേര്‍ ഐസൊലേഷനില്‍ പോകേണ്ടി വന്നാല്‍ അവരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ലന്നതും ഓര്‍ക്കേണ്ടതാണ്. ഇവിടെയാണ് യുവജന സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും പലതും ചെയ്യാനുള്ളത്.സര്‍ക്കാര്‍ ആവശ്യപ്പെട്ടതും അതു തന്നെയാണ്.ഈ നിര്‍ദ്ദേശം ഡി.വൈ.എഫ്.ഐ ഏറ്റെടുത്തപ്പോള്‍ ഖദര്‍ധാരികള്‍ മുഖം തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

അവരുടെ താല്‍പ്പര്യം വീട്ടില്‍ പാമ്പും കോണിയും കളിക്കലും, മീന്‍ വറക്കലും, കുട്ടികളെ കളിപ്പിക്കുന്നതുമാണ്. കോണ്‍ഗ്രസ്സ് എം.പിയും എം.എല്‍.എമാരും ഈ പ്രവര്‍ത്തി ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ കണ്ടു കഴിഞ്ഞു.

നാട് വീട്ടിലൊതുങ്ങുമ്പോള്‍ അവര്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് തങ്ങളെന്ന ബോധമാണ് ആദ്യം ജനപ്രതിനിധികള്‍ക്ക് വേണ്ടത്. ഈ യുവതുര്‍ക്കികള്‍ക്ക് ഇല്ലാതെ പോയതും അതുതന്നെയാണ്.

വിയര്‍പ്പിന്റെ മണം പറ്റിയ ചരിത്രമില്ലാത്ത ഖദറില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ സാഹസികമാണ്.

കൊറോണ ഭീഷണിയെ തുടര്‍ന്ന് നിയമസഭ നേരത്തെ പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ എം.എല്‍.എയാണിപ്പോള്‍ വീട്ടില്‍ മീന്‍ വറത്ത് പഠിക്കുന്നത്.

കൊറോണ, കൊലയാളി വൈറസായതിനാല്‍ സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് ഇവരുടെയെല്ലാം നിലപാട്. കഷ്ടം എന്നല്ലാതെ മറ്റൊന്നും തന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയില്ല. മഹാദുരിതത്തിലും ഇപ്പോള്‍ ദുരന്തമായിമാറിയിരിക്കുന്നതും ഈ ഖദര്‍ ധാരികള്‍ തന്നെയാണ്.

എല്ലാ രാഷ്ട്രീയവും രാഷ്ട്രീയക്കാരും കണക്കല്ല, ഇടതിനും വലതിനും പ്രകടമായ വ്യത്യാസം തന്നെയുണ്ട്. അത് ബോധ്യപ്പെടുത്തുന്നതാണ് ഈ കാഴ്ചകള്‍. മനുഷ്യര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയത്തിനെ പ്രതിനിധാനം ചെയ്യുന്നവരെ ഈ ദുരന്തകാലത്തെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.

Political Reporter

Top