കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; 20,000 കിടക്ക സൗകര്യം ഒരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഒരാഴ്ചക്കുള്ളില്‍ 20,000 കിടക്ക സൗകര്യം ഒരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ഇതിനായി ഏറ്റെടുക്കും. 80 ഓഡിറ്റോറിയങ്ങളിലായി 11,000 കിടക്ക സൗകര്യമായിരിക്കും ഒരുക്കുക. ഇവയുടെ പ്രവര്‍ത്തന ചുമതല സമീപത്തെ നഴ്‌സിങ് ഹോമുകളുമായി ബന്ധിപ്പിച്ചിരിക്കും.

4,000 കിടക്ക സൗകര്യം 40 ഹോട്ടലുകളിലായാണ് ഒരുക്കുക. ഇവ സമീപത്തെ സ്വകാര്യ ആശുപത്രികളുമായും ബന്ധിപ്പിച്ചിരിക്കും. കൂടാതെ എല്ലാ നഴ്‌സിങ് ഹോമുകളിലും 10 മുതല്‍ 49 വരെ കിടക്ക സൗകര്യവും ഒരുക്കും. ഇത്തരത്തില്‍ 5,000 കിടക്കകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റിയിരുന്നു. കൂടുതല്‍ കിടക്ക സൗകര്യം ഒരുക്കുന്നതിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് കൈമാറി.

Top