കൊവിഡ്19; കൊച്ചിയില്‍ കപ്പലിലെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്, ആശ്വാസം

കൊച്ചി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയ കപ്പലുകളിലെ എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ്. നാല് കപ്പലുകളിലെ 198 ജീവനക്കാരുടേയും 517 യാത്രക്കാരുടേയും സാമ്പിളുകളാണ് പരിശോധിച്ചത്.

അതേ സമയം എറണാകുളം ജില്ലയില്‍ നിന്നയച്ച 26 സാമ്പിളുകളുടെ റിസള്‍ട്ട് നെഗറ്റീവാണെന്നതും ആശ്വാസകരമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുമെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടന്‍ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ഇന്നലെ സംസ്ഥാനത്ത് 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.എറണാകുളത്ത് 5 വിദേശികള്‍ക്കും കാസര്‍കോട് ആറു പേര്‍ക്കും, പാലക്കാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു കഴിഞ്ഞു.എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്.

44,390 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. അതില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്നലെ മാത്രം 56 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 പേര്‍ക്ക് രോഗം വന്നതു കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Top