ചികിത്സാ സാമഗ്രികള്‍ക്കായി ഹൈബി ഈഡന്‍ എംപിയുടെ വക ഒരു കോടി രൂപ

കൊച്ചി: സംസ്ഥാനം ഇന്ന് കൊറോണ ഭീതിയില്‍ നട്ടം തിരിയുകയാണ്. കനത്ത ജാഗ്രതയാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥനത്തിപ്പോള്‍ 67 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ രോഗ ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് വെറ്റിലേറ്ററുകള്‍ അടക്കമുള്ള യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിന് ഹൈബി ഈഡന്റെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. ഇക്കാര്യം അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈബി ഈഡന്‍ എംപി കത്ത് നല്‍കിയിട്ടുണ്ട്.

കൊവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അതിനെ നേരിടുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഹൈബി അറിയിച്ചു.

Top