സംസ്ഥാനത്തെ കൊവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആറിന്‌റെ കണക്കുകള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയെ സെറോ സര്‍വേയാണ് ഇങ്ങനെ ചൂണ്ടികാണിക്കുന്നത്. കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്കാണ് കൊവിഡ് വന്നുപോയതായതെന്നാണ് സര്‍വ്വേ കണ്ടെത്തല്‍. ദേശീയ തലത്തില്‍ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് മാസത്തില്‍ നടത്തിയ സെറോ സര്‍വേ പ്രകാരം 0.73 ശതമാനമായിരുന്നു ദേശീയ തലത്തില്‍ കൊവിഡ് വ്യാപനം. അത് ഇപ്പോള്‍ 6.6 ശതമാനമായി, ഏകദേശം ഒന്‍പത് ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ കേരളത്തില്‍ അത് 0.33 ശതമാനത്തില്‍ നിന്നും 0.8 ശതമാനമായി. ഏകദേശം 2.4 ഇരട്ടി. ഈ രീതിയിലാണ് ഉയര്‍ന്നത്. ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വ്യത്യാസം എത്രമാത്രം പ്രധാനമാണെന്ന് മനസിലാവുക. രോഗവ്യാപനം തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഫലമായില്ലെന്നും ഇതിലൂടെ മനസിലാക്കാം.

കൊവിഡ് വ്യാപനത്തിന് അനുകൂലമായി ഘടകങ്ങള്‍ കേരളത്തില്‍ കൂടുതലാണ്. എന്നിട്ടും രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായ തോതില്‍ കുറഞ്ഞ നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ ഇതുവരെ സാധിച്ചുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും രോഗം വരുമെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ധാരണ തെറ്റാണെന്ന് ഈ പഠനം തെളിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top