കൊറോണ ഭീതി; കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 31വരെ ഇന്ത്യയിലേക്ക് വരുന്നതിനാണ് വിലക്ക്. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

ഇന്നലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. മഹാരാഷ്ടയില്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം റിപ്പര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കലബുറഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ 74കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് ആദ്യം മരിച്ചത്. ഇയാള്‍ സൗദിയില്‍ ഉംറ ചടങ്ങിനായി പോയിരുന്നു. ഇവിടെ നിന്നാണ് രോഗം വന്നതെന്നാണ് വിലയിരുത്തല്‍.

അതിന് ശേഷം രോഗം ബാധിച്ച് ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയും കഴിഞ്ഞ ദിവസം മരിച്ചു.

അതേസമയം രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതില്‍ 22 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 24 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 24ആയത്.

Top