കൊവിഡ് പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവുമായി യുഎഇ. കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് വിജയിക്കുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്.ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജെയ്ശങ്കറിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
യുഎഇ നേതൃത്വവും ഭരണകൂടവും ജനങ്ങളും ഇന്ത്യക്കൊപ്പമാണ്. കൊവിഡിനെ ചെറുക്കുന്ന കാര്യത്തില്‍ യുഎഇയുടെ എല്ലാ സഹായവും ഇന്ത്യയ്ക്കുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതോടൊപ്പം കൊവിഡ് കാരണം മരണപ്പെട്ട ഇന്ത്യക്കാര്‍ക്കായി അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞ ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്, കൊവിഡിനെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നടപടികളുണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയുള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞു. ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്റ്റേ സ്‌ട്രോംഗ് ഇന്ത്യ എന്ന ഹാഷ് ടാഗില്‍ ഇതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും ഓക്‌സിജന്‍ പോലും ലഭിക്കാതെ ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ രംഗത്തെത്തിയത്.