രണ്ടര മാസത്തെ ഇടവേളക്ക് ശേഷം കൻഹ പാർക്ക് വിനോദ സഞ്ചാരികൾക്കായി തുറന്നു

ഭോപ്പാൽ:. രണ്ടര മാസത്തെ ഇടവേളക്ക് ശേഷം മധ്യപ്രദേശിലെ കൻഹ ദേശീയ ഉദ്യാനം വിനോദ സഞ്ചാരികൾക്കായി തുറന്നു. ലോക്ഡൗണിനെ തുടർന്ന് മാർച്ച് അവസാനം മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു.

രാജ്യത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ പാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് തുറന്നത്.

ഭോപ്പാലിൽനിന്ന് 410 കിലോമീറ്റർ അകലെയ മണ്ട്‌ല ജില്ലയിലെ സത്പുര പർവതനിരയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച 19 വാഹനങ്ങളിലായി 76 വിനോദ സഞ്ചാരികളാണ് പാർക്ക് സന്ദർശിക്കാനെത്തിയത്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സഫാരി വാഹനത്തിൽ 12 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മുമ്പ് 18 പേർക്ക് ഈ വാഹനത്തിൽ യാത്ര ചെയ്യാമായിരുന്നു.

10ന് താഴെയും 65ന് മുകളിലുമുള്ളവർക്ക് പാർക്കിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നും അധികൃതർ പറഞ്ഞു. ജീവനക്കാർ, വിനോദസഞ്ചാരികൾ, ഗൈഡുകൾ, ഡ്രൈവർമാർ എന്നിവർക്കായി തെർമൽ സ്‌ക്രീനിങ്ങും മാസ്‌കുകളും ക്രമീകരിച്ചിട്ടുണ്ട്.

Top