തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. 1600ഔട്ട്ലെറ്റുകള്‍ വഴി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് വേണ്ട ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാരിക്കും പൊതുവിതരണ കേന്ദ്രങ്ങളിലെ റേഷന്‍ വിതരണം എന്നും മന്ത്രി പറഞ്ഞു. അഞ്ച് പേര്‍ മാത്രമേ റേഷന്‍ കടക്ക് മുന്‍പില്‍ ഉണ്ടാകാന്‍ പാടുള്ളു. ഇവര്‍ ശാരീരിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വിതരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20 ന് മുന്‍പ് വാങ്ങണം. അതിനു ശേഷം കേന്ദ്രം പ്രഖ്യാപിച്ച ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങാം.അവര്‍ അതാത് കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും. ഇതില്‍ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. കള്ള സത്യവാങ്മൂലം നല്‍കി റേഷന്‍ വാങ്ങിയാല്‍ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ബാധ്യത 120 കോടിയാണ്. സൗജന്യ കിറ്റ് വിതരണം 750 കോടി ബാധ്യതയും ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.