കൊറോണ പ്രതിരോധം; 2 കോടി രൂപ ധനസഹായവുമായി കിയ മോട്ടോഴ്‌സ്‌

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യന്‍ വാഹനവിപണിയിലെ പുത്തന്‍ സാന്നിധ്യമായ കിയ മോട്ടോഴ്‌സ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ട് കോടി രൂപയുടെ ധനസഹായമാണ് കിയ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രയിലെ അനന്ത്പൂരിലാണ് കിയയുടെ നിര്‍മാണ പ്ലാന്റുള്ളത്. ധനസഹായത്തിന് പുറമെ, സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു.

ആരോഗ്യ രംഗത്തും, പൊതുജനങ്ങളെ സഹായിക്കാനും കിയ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി ഉറപ്പുനല്‍കി.

മാത്രമല്ല ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടിയും സൗജന്യ സര്‍വ്വീസും അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് പുതുക്കുവാനും സര്‍വ്വീസ് പൂര്‍ത്തിയാക്കുവാനും ജൂലായ് മാസം വരെ അവസരമൊരുക്കുമെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു.

Top