കൊച്ചി: കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പ്രതിരോധ പ്രവർത്തനം രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിൽ പ്രത്യേക ദൗത്യവുമായി ഇന്ത്യൻ നാവിക സേനയുടെ സഹായം എത്തി. ഓക്‌സിജൻ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി കപ്പലുകളിൽ ഓക്‌സിജനും ആവശ്യമായ മരുന്നും എത്തിച്ച് നൽകാനുള്ള നടപടി തുടങ്ങി. 35 ഓക്‌സിജൻ സിലിണ്ടറുകളും, ആന്റിജൻ ടെസ്റ്റ് കിറ്റുകളും, പിപിഇ കിറ്റും, മാസ്‌ക്കും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ നാവിക സേന എത്തിച്ചു നൽകി.
ലക്ഷദ്വീപിലെ ഒഴിഞ്ഞ ഒക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച നാവിക സേനാസംഘം ഇതിന്റെ ലഭ്യത ഉറപ്പാക്കി ദ്വീപുകളിൽ തിരിച്ചെത്തിയ്ക്കുകയും ചെയ്യും. 41 ഒഴിഞ്ഞ ഓക്‌സിജൻ സിലിണ്ടറുകളാണ് ലക്ഷദ്വീപിൽ നിന്നും സേന സ്വീകരിച്ചത്. ഇത് നിറച്ച് തിരികെ എത്തിയ്ക്കും. അടിയന്തിര ഐസിയു സംവിധാനവും, രോഗികളെ കൊച്ചിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമാക്കാനുള്ള നടപടികളും നാവിക സേന ഉറപ്പാക്കിയിട്ടുണ്ട്.
കവരത്തി, മിനിക്കോയ് ദ്വീപുകളിലും സഹായവുമായി ദൗത്യ സംഘം എത്തി. കവരത്തിയിലെ ഐഎൻഎസ് ദ്വീപ് രക്ഷക് ആണ് വിതരണ ചുമതല വഹിച്ചത്. ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ ലക്ഷദ്വീപിലെ രോഗികൾക്കായി പത്ത് കിടക്കകൾ റിസർവ്വ് ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ രോഗികളെ എത്തിയ്ക്കാൻ ഹെലികോപ്ടറുകളും സജ്ജമാണ്.