കൊവിഡ് വ്യാപനം; നേപ്പാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും

കാഠ്‌മണ്ഡു: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കൂടുതല്‍ പേര്‍ രോഗികളാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെപി ശര്‍മ ഒലി.

“സര്‍ക്കാര്‍ മുന്നോട്ട് വച്ച കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്വയം സംരക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സുരക്ഷയൊരുക്കാനും എല്ലാവരും തയ്യാറാകണം. മാര്‍ഗനിര്‍ദേശം പാലിച്ചാല്‍ ജനജീവിതം സാധാരണ പോലെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.

സര്‍ക്കാര്‍ ഉടന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഒരു കിംവദന്തി പരക്കുന്നുണ്ട്, സര്‍ക്കാരിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ താത്പര്യമില്ല. പക്ഷെ നമ്മള്‍ മറ്റ് രാജ്യങ്ങളെ മാതൃകയാക്കണം, പ്രത്യേകിച്ചും യൂറോപ്പിലെ വികസിത രാജ്യങ്ങളെ. കൊവിഡിന്‍റെ ആദ്യതരംഗത്തിലും രണ്ടാംതരംഗത്തിലും രോഗികള്‍ കൂടുന്നതിനനുസരിച്ച് അവര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെങ്കില്‍ ജനങ്ങള്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് സാഹചര്യം വരുതിയിലാക്കണം.” പ്രധാനമന്ത്രി ശര്‍മ ഒലി പറഞ്ഞു.

ദിനംപ്രതി 100 രോഗികള്‍ എന്നനിലയ്ക്കാണ് നേപ്പാളിലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. നിലവില്‍ 3,608 രോഗികളാണ് നേപ്പാളില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്താകെ 2,80,984 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,058 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Top