കൊവിഡ് ബാധിച്ചിട്ടും ക്വാറന്റീനില്‍ പോയില്ല; നാല്‍പ്പതുകാരൻ അറസ്റ്റിൽ

മാഡ്രിഡ്: കൊവിഡ് ബാധിതനായിട്ടും ക്വാറന്റീനില്‍ പോകാതെ ഇരുപത്തിരണ്ടോളം പേര്‍ക്ക് കൊവിഡ് പകരാന്‍ കാരണക്കാരനായ നാല്‍പ്പതുകാരനെ സ്പാനിഷ് പൊലിസ് അറസ്റ്റ് ചെയ്തു. സ്‌പെയിനിലെ മല്ലോര്‍ക നഗരത്തിലാണ് സംഭവം. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും ക്വാറന്റീനില്‍ തുടരാതെ ജോലി ചെയ്യുകയായിരുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് പനിയോടെയാണ് ഇയാള്‍ ജോലിക്കെത്തിയതെന്ന് പൊലിസ് കണ്ടെത്തി.

ജോലി സ്ഥലത്ത് ഇയാള്‍ മാസ്‌ക് താഴ്ത്തി ഉറക്കെ ചുമയ്ക്കുകയും താന്‍ എല്ലാവര്‍ക്കും വൈറസ് പരത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി. ഇയാള്‍ 8 പേര്‍ക്ക് നേരിട്ട് രോഗം പകര്‍ന്നുനല്‍കി. 14 പേര്‍ക്ക് നേരിട്ടല്ലാതെയും പകരാന്‍ കാരണമായി. ജോലിക്കു പുറമെ ഇയാള്‍ ബലേറിക നഗരത്തിലെ ജിമ്മിലും പോയിരുന്നു. രോഗം പകര്‍ന്നുകിട്ടിയവരില്‍ ഒരുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

 

Top