സിഡ്‌നി: അന്തരീക്ഷത്തിലുള്ള ഈര്‍പ്പത്തിന്റെ അളവ് ഒരു ശതമാനം കുറയുന്നത് കൊറോണ വൈറസിന്റെ വ്യാപനം ആറുശതമാനം വര്‍ധിപ്പിക്കുമെന്ന് പഠനം. സിഡ്‌നി സര്‍വ്വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റായ മൈക്കല്‍ വാര്‍ഡും സംഘവും പ്രാദേശിക കാലാവസ്ഥയും കൊറോണ വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ട്രാന്‍സ്ബൗണ്ടറി ആന്‍ജ് എമര്‍ജിങ് ഡിസീസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദക്ഷിണാര്‍ധഗോളത്തിലെ കാലാവസ്ഥയും കോവിഡും തമ്മിലുളള ബന്ധം വിലയിരുത്തിക്കൊണ്ടുള്ള പഠനത്തില്‍ കോവിഡ് 19 സീസണലാകാം എന്നും കണ്ടെത്തലുണ്ട്. അന്തരീക്ഷത്തിലെ ആര്‍ദ്രത കുറയുന്ന കാലയളവില്‍ പ്രത്യക്ഷപ്പെടുന്ന സീസണലായ ഒരു രോഗമാണ് കോവിഡ് 19. ശീതകാലമാണോ എങ്കില്‍ കോവിഡ് സമയമായിരിക്കുമെന്ന് ഇനി ചിന്തിക്കണം. മൈക്കല്‍ വാര്‍ഡ് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ മഹാമാരി പടര്‍ന്നത് ശീതകാലത്താണ്. ഗവേഷകരുടെ അഭിപ്രായത്തില്‍ തണുപ്പിനേക്കാള്‍ കുറഞ്ഞ ആര്‍ ദ്രതയാണ് വൈറസ് വ്യാപനത്തിനുള്ള പ്രധാനകാരണം. എന്നാല്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ആര്‍ദ്രത കുറവുള്ള പ്രദേശങ്ങളില്‍ അല്ലെങ്കില്‍ ആര്‍ദ്രത കുറയുന്ന കാലഘട്ടത്തില്‍ വേനല്‍ക്കാലത്ത് പോലും അപകടസാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വാര്‍ഡും സംഘവും അഭിപ്രായപ്പെടുന്നു.
വായുവിലൂടെ വൈറസ് പകരുന്നതിന് ആര്‍ദ്രത ഒരു കാരണമാകുന്നതിന് ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നും വാര്‍ഡ് പറഞ്ഞു. ആര്‍ദ്രത കുറയുമ്പോള്‍ വായു കൂടുതല്‍ വരണ്ടതാകും. എയ്‌റോസോളുകള്‍ ചെറുതാകും. തന്മൂലം തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ആ എയ്‌റോസോളുകള്‍ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്ക്കുകയും അത് കൂടുതല്‍ രോഗവ്യാപനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.
ഫെബ്രുവരി 26നും-മാര്‍ച്ച് 31നും ഇടയില്‍ സിഡ്‌നിയില്‍ റിപ്പോര്‍ട്ട് ചെയ്ത 749 കേസുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ഡിന്റെയും സംഘത്തിന്റെയും ഈ പഠനം.