തിരുവനന്തപുരം: പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഇവിടെ സ്‌പെഷല്‍ ഡ്യൂട്ടിക്കായി എസ്എപി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചു. ഡപ്യൂട്ടി കമ്മിഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മിഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്കു നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷെയ്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.
പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശവും നല്‍കി.
കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പൂന്തുറ മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും.ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.
പുറത്തുനിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.