കൊച്ചി: കോവിഡ് 19 ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍. കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക.
പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. നാലു ബന്ധുക്കള്‍ മാത്രമാകും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുക. ആചാരം അനുസരിച്ച് സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാം, എന്നാല്‍ മൃതദേഹത്തില്‍ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. മൃതദേഹം മറവ് ചെയ്യാന്‍ സഹായിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പെടെ ധരിക്കണം. ഇതാണ് വ്യവസ്ഥ.
മട്ടാഞ്ചേരി ലോബോ ജങ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്.
ദുബായില്‍ നിന്ന് കഴിഞ്ഞ 16ന് എത്തിയ ഇദ്ദേഹം 22നാണ് രോഗബാധിതനായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തുന്നത്. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ദുബായില്‍ നിന്നു സേട്ട് മടങ്ങിയെത്തിയ വിമാനത്തിലെ 49 യാത്രക്കാരും നിരീക്ഷണത്തിലാണുള്ളത്.