ദോഹ: ഖത്തറില്‍ തീവ്ര ലക്ഷണങ്ങളോടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹസം മുബൈരീക് ജനറല്‍ ഹോസ്പിറ്റല്‍ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കൊവിഡ് രോഗികള്‍ക്കായി 100 ബെഡ്ഡുകളായ പുതിയ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അല്‍വക്റ ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ കൊവിഡ് ആശുപത്രിയായി ആരോഗ്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രാദേശികമായി നിര്‍മിച്ച ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിച്ചാണ് പുതിയ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കിയതെന്ന് ഹമദ് കോര്‍പറേഷന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ആശുപത്രി. ചുരുങ്ങിയ സമയം കൊണ്ടാണ് ഖത്തര്‍ എഞ്ചിനീയര്‍മാര്‍ ഇത് ഒരുക്കിയിരിക്കുന്നത്. പുതിയ 100 കിടക്കകള്‍ കൂടി വന്നതോടെ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 252 ഗുരുതര രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം വീല്‍ഡ് ഹോസ്പിറ്റലില്‍ ലഭ്യമാക്കിയതായി എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു.