കൊറോണയ്‌ക്കെതിരായ വാക്‌സിനുമായി ഓസ്ട്രേലിയ; മൃഗങ്ങളില്‍ പരീക്ഷിച്ചു

കാന്‍ബറ: ഭൂഖണ്ഡങ്ങളെ വിഴുങ്ങികൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരി നിയന്ത്രണാധീതമായി പടരുകയാണ്. ഇതിനെ പിടിച്ച് കെട്ടാന്‍ സാധിച്ചില്ലെങ്കില്‍ അത് മനുഷ്യരാശിയെ ഒന്നാകെ കൊന്നൊടുക്കും. ഇതിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ കൊറോണ വൈറസിന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാന്‍ ആഗോള തലത്തില്‍ തന്നെ ഗവേഷണം പുരോഗമിക്കുകയാണ്. 54 സ്ഥലങ്ങളിലാണ് ഇതിനായുള്ള ഗവേഷണം നടക്കുന്നത്. ഇതില്‍ ചൈനയും അമേരിക്കയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തിരിക്കുകയാണ്.

ഇപ്പോഴിതാ കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ഓസ്ട്രേലിയയും. ഓസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരില്‍ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ 12-18 മാസമെങ്കിലും വേണ്ടിവരുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിരിക്കും ഈ വാക്സിനുകളുടെ പരീക്ഷണമെന്ന് സിഎസ്ഐആര്‍ഒ മേധാവി ലാറി മാര്‍ഷല്‍ പറഞ്ഞു.

Top